തിരുവനന്തപുരം: പ്രതിസന്ധിയുടെ കട്ടപ്പുറത്ത് നിൽക്കുന്ന കെഎസ്ആർടിസിയുടെ തലപ്പത്ത് ബിജു പ്രഭാകറിന്റെ നിയമനം എന്തിനായിരുന്നുവെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് കെഎസ്ആർടിസിയുടെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് എന്നായിരുന്നു ചോദ്യം. കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ ഒരുപാട് ചുമലകൾ ഉള്ള ഉദ്യോഗസ്ഥൻ തന്നെ സിഎംഡി ആയി വേണമായിരുന്നോ എന്നാണ് കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകണമെന്ന് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകാതെ മേലധികാരികൾക്ക് ശമ്പളം നൽകരുതെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനെതിരായ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം എന്ന് വ്യക്തമാക്കി കോടതി ശമ്പളം ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു. ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ശമ്പളം നൽകരുത്. കെഎസ്ആർടിസിയോട് ആസ്ഥി വിവരം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
തൊഴിലാളി സമരത്തെയും കോടതി വിമർശിച്ചു. കെഎസ്ആർടിസിയുടെ സമയ ക്രമത്തെ തെറ്റിക്കുന്ന രീതിയിലും യാത്രക്കാരെ ബുദ്ധിമുട്ടിച്ചുമാണ് തൊഴിലാളി സമരമെങ്കിൽ സഹായിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു യാർഡിൽ ബസ്സ് തുരുമ്പ് എടുത്താൽ അതിന് ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ ഈ അസ്ഥയിൽ കെഎസ്ആർടിസി എത്തില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. ബസുകളെ ക്ലാസ് മുറികൾ ആക്കുന്നതിനെയും കോടതി വിമർശിച്ചു. ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കേണ്ടതെന്നും പറഞ്ഞ കോടതി കേസ് വാദം കേൾക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി.