KeralaNews

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നല്‍കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നല്‍കിയ അപ്പീലുകള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 2014 മുതലാണ് സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തര്‍ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹര്‍ജി.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതിവകുപ്പിന്റെ നിലപാട്. ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം അവര്‍ക്കു കിട്ടുന്നുണ്ടെന്ന് നികുതി വകുപ്പ് വാദിച്ചു. വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ്. ബാധകമാകുന്നതെന്നിരിക്കേ വിനിയോഗ രീതി നോക്കേണ്ടതില്ലെന്ന്, വരുമാനം പൂര്‍ണമായും സന്ന്യസ്തസഭയിലേക്കു പോകുന്നുവെന്ന വാദം തള്ളി കോടതി ചൂണ്ടിക്കാട്ടി.

സന്ന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും ‘സിവില്‍ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിതസാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാള്‍ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker