കൊച്ചി: മറുനാടന്‍ മലയാളി യുട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി.
പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാണ് വിമര്‍ശനം. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിട്ടും 17ന് ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ പുതിയ അഭിഭാഷകന്‍ ഹാജരായതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഉപാധികള്‍ പാലിക്കുമെന്ന് അറിയിച്ച അഭിഭാഷകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് വേണ്ടി ഹാജരാകാതിരുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി.
നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നേരത്തെ ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം നല്‍കി. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വേണ്ടി പൊലീസ് നോട്ടീസ് നല്‍കി. എന്നാല്‍ ഷാജന്‍ സ്‌കറിയ ഹാജരായില്ല.
ഇക്കാര്യം പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ നിര്‍മ്മിച്ച് യൂട്യൂബ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നിലമ്പൂര്‍ പൊലീസ് ചുമത്തിയ കുറ്റം.