തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടയില്‍ കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ അടുത്ത ഞായറാഴ്ചയോടെ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആഴക്കടലില്‍ ഉള്ളവര്‍ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മറ്റൊരു ന്യൂനമര്‍ദം മെയ് 29 നോട് കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2020 മെയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.
ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ മല്‍സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടത്തി കോവിഡ് 19 പശ്ചാത്തലത്തില്‍ ‘ഓറഞ്ച് ബുക്ക് 2020’ ലെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കി മല്‍സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷെറീസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പൊതുവില്‍ ശക്തമായ കാറ്റ് മൂലം മരങ്ങള്‍ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കേണ്ടതാണ്.
ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ന്യൂനമര്‍ദം സ്വാധീനത്താല്‍ മഴ ലഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ നിര്‍ദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.
മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.