KeralaNews

ബെവ് ക്യൂവിലൂടെയുള്ള മദ്യ ബുക്കിംഗ് നിര്‍ത്തിവച്ചു,വൈകുന്നേരത്തോടെ പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഫെയര്‍കോഡ്

കൊച്ചി മദ്യവിതരണത്തിനായി വിവറേജസ് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യത്തിനായുള്ള ബുക്കിംഗ് നിര്‍ത്തിവച്ചതായി ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി.ഉപഭോക്താക്കള്‍ വ്യക്തിഗത വിവരവും പിന്‍കോഡും നല്‍കിയ ശേഷം ഒ.ടി.പികള്‍ ലഭിയ്ക്കുന്നതില്‍ കാലതാമസമുണ്ടായ സാഹചര്യത്തിലാണ് ബുക്കിംഗ് നിര്‍ത്തിവെച്ചത്. വൈകുന്നേരത്തോടെ ടോക്കണ്‍ വിതരണം പുനരാരംഭിയ്ക്കാനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് കമ്പനി അറിയിച്ചു.

നിലവില്‍ ഒരു കമ്പനി മാത്രമാണ് ഉപഭോക്താക്കള്‍ ഒ.ടി.പി നല്‍കുന്നതിനായുള്ളത്.ആപ്പില്‍ ഒ.ടി.പി ആവശ്യപ്പെടുന്നവരുടെ എണ്ണം ഓരോ മിനിട്ടിലും ആയിരങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു കമ്പനിയേക്കൊണ്ട് ഒ.ടി.പി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഇത് മൂന്നെണ്ണമാക്കി ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്.കൂടുതല്‍ ഒ.ടി.പി സേവന ദാതാക്കള്‍ എത്തിയാല്‍ പ്രതിസന്ധി മറികടക്കാനാവും. നാലു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.

സാങ്കേതികമായ പ്രശ്‌നങ്ങള്‍ തുടരുമ്പോഴും 396000 ആളുകള്‍ ഇതിനകം ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞതായി ഫെയര്‍കോഡ് വ്യക്തമാക്കി.ഇതില്‍ 216000 പേര്‍ക്ക് ടോക്കണുകളും നല്‍കിയിട്ടുണ്ട്.

അതേ സമയം ആപ്പുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ക്കിടയിലും വെര്‍ച്വല്‍ ക്യൂ സംവിധാനത്തോടെ സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചു.ബെവ്കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ 9 മണിക്ക് തന്നെ തുറന്നു.

ക്യൂവില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് നില്‍ക്കാനുള്ള അനുമതി. കാര്യമായ തിരക്കൊന്നും എവിടേയും തുടക്കത്തില്‍ അനുഭവപ്പെട്ടില്ല. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയുമാണ് മദ്യവില്‍പന ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്.കടുത്ത നിയന്ത്രണവും മദ്യശാലകള്‍ക്ക് മുന്നില്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിപണനം. ആദ്യ ദിനം 182,000 ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഫെയര്‍കോഡ് പറയുന്നു.

അതിനിടെ ഉപഭോക്താക്കള്‍ക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലര്‍ക്കും ഒ.ടി.പി മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്. ചിലര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുന്നില്ല. ഹാങിങ് പ്രശ്‌നവുമുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തില്‍ സെര്‍ച്ചില്‍ ലഭ്യമല്ല. നിര്‍മാതാക്കള്‍ നല്‍കിയ ലിങ്ക് വഴിയാണ് ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker