KeralaNews

സഞ്ചാരികളുടെ പ്രവാഹം, മൂന്നാർ തിങ്ങിനിറഞ്ഞു

മൂന്നാർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരമേഖലകളിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം കൂടുതൽ ഇളവുകൾക്കുശേഷം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ എത്തുന്നതാണ് ജില്ലയ്ക്ക് പുതുജീവൻ നൽകുന്നത്. ക്രിസ്മസിനു ശേഷം പുതുവത്സരാഘോഷങ്ങൾ ആരംഭിച്ചതോടെ പലയിടത്തും ആൾത്തിരക്ക് കൂടി. ആഴ്ചയുടെ അവസാന ദിവസങ്ങളിലാണ് തിരക്ക് ഏറെയും.

വെള്ളിയാഴ്ച മുതൽ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. കോവിഡ് ആരംഭിച്ച മാർച്ചിനുശേഷം ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ മൂന്നാറിലെ ഹോട്ടലുകളിലെ മുറികൾ മുഴുവനും സഞ്ചാരികളെ കൊണ്ട്‌ നിറഞ്ഞു.

ശനിയാഴ്ച വൈകീട്ട് മുൻകൂറായി ബുക്ക് ചെയ്യാതെ വന്നവർക്ക് മുറികൾ മൂന്നാർ പരിസരത്ത് ലഭിച്ചില്ല. സംസ്ഥാനത്തിനകത്തുനിന്നുള്ളവരാണ് സന്ദർശകരിലധികവും. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളുമെത്തുന്നുണ്ട്.

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, റോസ്ഗാർഡൻ, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ശനിയാഴ്ച, ഞായർ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാജമലയിൽ ഉച്ചവരെ 2000 ലധികം പേർ സന്ദർശനം നടത്തി. മാട്ടുപ്പെട്ടിയിൽ മൂന്നു ദിവസങ്ങളിലും ആയിരത്തിലധികമാളുകൾ പേർ ബോട്ടിങ് നടത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാട്ടുപ്പെട്ടിയിൽ മണിക്കൂറിൽ 100 പേർക്ക് മാത്രമാണ് ബോട്ടിങ് നടത്താൻ അനുവാദമുള്ളൂ. രാജമലയിലും കോവിഡ് മാനദണ്ഡപ്രകാരമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ രണ്ടിടങ്ങളിലും സന്ദർശിക്കാൻ കഴിയാതെ നിരവധി സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്.

സഞ്ചാരികളുടെ തിരക്കിനെ തുടർന്ന് മാട്ടുപ്പെട്ടി, റോസ്ഗാർഡൻ, എക്കോ പോയിന്റ്, മൂന്നാർ ടൗൺ, രാജമല അഞ്ചാംമൈൽ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെട്ടത്.

തേക്കടിയിൽ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഡി.ജെ. പോലെയുള്ള പരിപാടികൾ ഇത്തവണത്തെ പുതുവത്സരാഘോഷത്തിനുണ്ടാകില്ലെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്. തേക്കടിയിലെ ബോട്ട് സർവീസിന് നിരക്ക് കൂട്ടിയതും റിസോർട്ട് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ തേക്കടിയിലെത്തുന്നവരിൽ 70 ശതമാനം സംസ്ഥാനത്തുള്ളവരും 20 ശതമാനം തമിഴ്‌നാട്ടുകാരും 10 ശതമാനം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്.പുതുവത്സരത്തോടനുബന്ധിച്ച് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് ഇവിടത്തെ വിനോദസഞ്ചാരമേഖലയുടെ പ്രതീക്ഷ. തേക്കടിയിലെ ബോട്ടിങ്ങും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

വാഗമണിലേക്കും സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ തിരക്ക് ഇല്ലെങ്കിലും പുതുവത്സരം അടുക്കുന്നതോടെ കൂടുതൽപേർ എത്തുമെന്നാണ് പ്രതീക്ഷ.

https://youtu.be/bTw7v1g9Gv8

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button