തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണടിച്ചിൽ. നെയ്യാറ്റിൻകര ആനാവൂരിൽ ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത്. സമീപത്ത് വീടുകൾ ഇല്ലാത്തതിനാൽ ആളപായമില്ല. എന്നാൽ പ്രദേശത്തെ കൃഷിയിടങ്ങൾ മണ്ണിനടിയിലായി.സുരക്ഷ മുന്നിൽകണ്ട് പ്രദേശത്ത് നിന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കും, ആനാവൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് ഇവരെ മാറ്റി പാർപ്പിച്ചത്.
കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പതിനഞ്ചിൽ പരം ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. അതിനാൽ തന്നെ നാട്ടുകാർ ഭീതിയിലാണ്. പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫയർഫോഴ്സിന്റയും പോലീസിന്റയും സേവനം ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്. വനമേഖലകളിലും, വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമായതാണ് മണ്ണിടിച്ചിലിന് കാരണം.
കനത്ത മഴയെ തുടർന്ന് അമ്പൂരി ആദിവാസി ഊരുകളിലെ ജനങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുമുണ്ട്. സംസ്ഥാന അതിർത്തിയിലെ ചിറ്റാർ ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കടുക്കറ കത്തിപ്പാറ, ചങ്കിലെ, ഉമ്മൻ കോട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്.