കണ്ണൂര്‍ : കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നേരത്തെ പുറപ്പെടുവിച്ച പ്രകാരം 12 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശം തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇതിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
മധ്യപ്രദേശിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷ കാറ്റും ശക്തമായതുമാണ് മഴ കനക്കാൻ കാരണം. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.