സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇന്ന് ചൂട് കൂടും; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് പകല്‍ താപനില ഉയരും. പകല്‍ താപനിലയില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയില്‍ കരുതുകയും വേണം. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ ആവശ്യമായ വിശ്രമം എടുക്കാനും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News