തിരുവനന്തപുരം: കുംഭച്ചൂട് അതികഠിനമായി ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുമെന്ന് അധികൃതര്‍ അറിയിച്ചു. വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കാരണം.
വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പകല്‍ താപനില ഉയരുമെന്ന് അറിയിച്ചിരുന്നു. 37.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയില്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ദീര്‍ഘകാല ശരാശരിയില്‍ കൂടുതലായിരുന്നു. രാവിലെയുള്ള കുറഞ്ഞ താപനില 25.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു. ഇതും 2.5 ഡിഗ്രിസെല്‍ഷ്യസ് കൂടുതലാണ്.
കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍താപനില. 3.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. കുറഞ്ഞ താപനില 24.2 ഡിഗ്രി സെല്‍ഷ്യസ്. തിരുവനന്തപുരത്ത് വലിയ വര്‍ധനയുണ്ടായില്ല. 34.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍ താപനില. 1.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. ഉയര്‍ന്ന ചൂട് 32.7 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 26.1 ഡിഗ്രി സെല്‍ഷ്യസും.
വെള്ളിയാഴ്ച മറ്റുജില്ലകളിലും ചൂട് കൂടുതല്‍ ആയിരുന്നു. കണ്ണൂരില്‍ 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍ താപനില. 3.9 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്. പുനലൂരില്‍ 36.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇതുംശരാശരിയില്‍നിന്ന് 1.3 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്.