കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് മരണമുണ്ടായെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്‌സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രഹ്മപുരത്ത് ആരോഗ്യസര്‍വേ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. 1249 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആറ് മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാണ്. 178 പേര്‍ ഇവിടെ സേവനം തേടിയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംഭവത്തില്‍ പ്രതിപക്ഷത്തെയും മന്ത്രി വിമര്‍ശിച്ചു. ‘പ്രതിപക്ഷ നേതാവ് തെറ്റായ കാര്യം പറയുന്നത് നിര്‍ഭാഗ്യകരമാണ്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഞാന്‍ പറഞ്ഞെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് ബ്രഹ്മപുരത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു