തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് സമരം നടത്താന്‍ നിശ്ചയിച്ചതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.
തിങ്കളാഴ്ച മുതലാണ് പി.ജി ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു.
പല മെഡിക്കല്‍ കോളജുകളെയും സമരം പ്രതികൂലമായി ബാധിച്ചു. മെഡിക്കക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.
കൊവിഡ് ചികിത്സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ചു ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റൈപ്പന്‍ഡ് വര്‍ധന നടപ്പാക്കുക എന്നിവയാണ് പി.ജി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.