എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ

മഞ്ചേശ്വരം:എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ. ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലൂടെ പാളം മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി ഇടിച്ച ഹൊസങ്കടി കജയിലെ മൊയ്തീൻകുട്ടി(70)യുടെ മൃതദേഹവുമായാണ് ഇത്രയുംദൂരം തീവണ്ടി ഓടിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്.

തീവണ്ടിയിടിച്ചതോടെ മൊയ്തീൻകുട്ടി എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയത് ഹൊസങ്കടിയിലെ ഗേറ്റ്മാൻ കണ്ടിരുന്നു. അദ്ദേഹം ആ വിവരം തൊട്ടടുത്ത ഉപ്പളഗേറ്റിൽ അറിയിച്ചു. ഉപ്പള ഗേറ്റ്മാനും അതുകണ്ട് വിവരം മുട്ടം ഗേറ്റിൽ അറിയിച്ചു. ആരെയെങ്കിലും തീവണ്ടിയിടിച്ചാൽ തൊട്ടടുത്ത സ്റ്റേഷനിൽ നിർത്തി ലോക്കോപൈലറ്റ് സ്റ്റേഷൻമാസ്റ്ററെ വിവരമറിയിക്കണമെന്നാണ് ചട്ടം. പിന്നാലെ വേറൊരു തീവണ്ടി വരുന്നത് തടയാനാണിത്. ഇത്തരത്തിൽ കുമ്പള സ്റ്റേഷനിൽ അറിയിക്കുന്നതിനിടയിലാണ് മൃതദേഹം എൻജിനുമുന്നിൽ കുടുങ്ങിക്കിടക്കുന്ന കാര്യം ലോക്കോ പൈലറ്റ് അറിയുന്നത്.

അവിവാഹിതനാണ് മൊയ്തീൻകുട്ടി. ഹൊസങ്കടി കജയിലെ സഹോദരനായ മുഹമ്മദിനൊപ്പമാണ് താമസം. കുമ്പള എസ്.ഐ. വി.കെ.അനീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മംഗൽപാടി താലൂക്കാസ്പത്രിയിൽ മൃതദേഹ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News