സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു:കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.നിലത്തുവീണ വിവേകിനെ ഉടൻതന്നെ ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സിനിമയുടെ സംവിധായകൻ ശങ്കർ, സംഘട്ടന സംവിധായകൻ വിനോദ്, നിർമാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണിത്. 2016-ൽ ‘മസ്തിഗുഡി’ എന്ന സിനിമയ്ക്ക് വേണ്ടി ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് താരങ്ങൾ തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ മുങ്ങിമരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News