കൊച്ചി:മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും മലയാള സിനിമയിലെ യൂത്തന്‍ കുഞ്ചാക്കോ ബോബനാണ്. സ്‌പ്ലെണ്ടര്‍ ബൈക്കില്‍ പാട്ടും പാടി കയറി വന്നാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ ചോക്ലേറ്റ് ഹീറോയാകുന്നത്. എന്നാല്‍ ഇന്ന് ആ ഇമേജ് തച്ചുടച്ച് കാമ്പുള്ള കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുന്ന നടനായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന നടനായി മാറുകയായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് വരെ എത്തി നില്‍ക്കുകയാണ് വേറിട്ടതിന് പിന്നാലെയുള്ള ചാക്കോച്ചന്റെ സഞ്ചാരം.
ഓഫ് സ്‌ക്രീനിലെ മാന്യതയുടെ മുഖം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ചും തനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ ചാക്കോച്ചന്‍ മനസ് തുറക്കുകയാണ്.
സിനിമ ആഗ്രഹിച്ച് വന്നയാളല്ല ഞാന്‍. അതിനാല്‍ നെപ്പോട്ടിസം കാരണമാണ് വന്നതെന്ന് പറയുന്നതില്‍ കാര്യമില്ല. അങ്ങനൊരു വശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യമുണ്ടാകില്ല. ഇപ്പോഴിതാ പാഷന്റെ പുറത്ത് ചെയ്യുന്ന കാര്യമാണ്. നമ്മള്‍ നമ്മളെ മെച്ചപ്പെടുത്തുക എന്നതിലേ കാര്യമുള്ളൂ. ആ ഒരു കാര്യമേ ഞാന്‍ ചെയ്യാറുള്ളൂവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
സന്തോഷം എന്നാല്‍ ചാക്കോച്ചന് എന്താണെന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ആരുമായെങ്കിലും പങ്കിടുമ്പോഴാണ് എനിക്ക് സന്തോഷം. ചിലര്‍ക്ക് അങ്ങനെയല്ല, മൊത്തമായിട്ട് കഴിക്കുമ്പോഴാണ്. പക്ഷെ എനിക്കങ്ങനെയല്ല തോന്നിയിട്ടുള്ളത്. നമ്മളത് ഷെയര്‍ ചെയ്യുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭാഗത്തിന്റെ രുചി ഭയങ്കരമായിട്ട് കൂടും. മറ്റുള്ളവരെ അവരുടെ മോശം സമയങ്ങളില്‍ കംഫര്‍ട്ടബിള്‍ ആക്കാന്‍ സാധിച്ചാല്‍ അതും സന്തോഷം നല്‍കുമെന്നാണ് താരം പറയുന്നത്.
ജീവിതത്തെ ഭയങ്കര സീരിയസായി കണ്ട് കൊലവിളി നടത്തേണ്ടതില്ല. പലരും പറയാറുണ്ട്, അവന്റെ പടം നന്നായിട്ട് ഓടുന്നുണ്ട്, പൊട്ടിയിരുന്നെങ്കില്‍ എന്ന്. അങ്ങനെ ചിന്തിക്കേണ്ടതില്ല. അവന്റെ പടം നന്നായിട്ട് ഓടട്ടെ. അതിനേക്കാള്‍ നന്നായിട്ട് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന രീതിയില്‍ ചിന്തിക്കുക. അങ്ങനെയെങ്കില്‍ ജീവിതം കുറച്ച് കൂടി സന്തോഷകരമായിരിക്കുമെന്നും താരം പറയുന്നു.
ജെന്റില്‍മാന്‍ ഇമേജിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. നമുക്ക് വളരെ അടുത്തവര്‍ക്ക് അറിയുന്നവരുടെ മാത്രമേ മോശം വശം നമുക്കറിയൂ. ഇന്‍സ്റ്റയിലൊക്കെ ആളുകള്‍ അവരുടെ ഏറ്റവും നല്ല വശം മാത്രമായിരിക്കും കാണിക്കുക. പുറമെ കാണുന്നതിലും ഒരുപാട് നന്മയുള്ളവരൊക്കെയുണ്ട്. ഇത്രയൊക്കെ നന്മ വേണമോ എന്ന് പോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ളവരെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. വിശുദ്ധന്മാരോട് അടുത്തു നില്‍ക്കുന്നവര്‍ ആണവരെന്നും താരം പറയുന്നു.
ഞാന്‍ കുറച്ച് നാള്‍ ദുബായിലായിരുന്നു. ആ സമയത്ത് കേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നോക്കുമായിരുന്നു. കേരളത്തില്‍ നിന്നുമുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ കേരളത്തിലേക്ക് വരണോയെന്ന് പോലും ആലോചിച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അടിസ്ഥാനമായി നല്ല ക്യാരക്ടര്‍ ആണെങ്കിലും അതില്‍ എന്താണോ മോശം ഉള്ളതെന്നാണ് ഇപ്പോള്‍ നോക്കുന്നതും ചിന്തിക്കുന്നതും. അതൊന്ന് മാറ്റിയെടുക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.
കുഞ്ചാക്കോ ബോബനെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ഭാര്യ പ്രിയയും. തന്റെ പങ്കാളിയെക്കുറിച്ചും ചാക്കോച്ചന്‍ മനസ് തുറക്കുന്നുണ്ട്.
എനിക്ക് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും അവള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. പ്രിയയുടെ കാര്യങ്ങളും മകന്റെ കാര്യങ്ങളും എന്റെ തന്നെ കാര്യങ്ങളും. സമയമില്ലാത്തത് അടക്കമുള്ള കാരണങ്ങളാല്‍ എനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ അവള്‍ ഏറ്റവും നന്നായിട്ട് ചെയ്യുന്നുണ്ട്. എന്റെ സിനിമയുടെ കാര്യങ്ങളില്‍ പോലും ഇടപെടാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. നല്ലൊരു പങ്കാളിയെയാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്നാണ് താരം പറയുന്നത്.
അതേസമയം അറിയിപ്പ് ആണ് ചാക്കോച്ചന്റെ പുതിയ സിനിമ. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ദിവ്യപ്രഭയാണ് നായിക. പിന്നാലെ നിരവധി സിനിമകള്‍ ചാക്കോച്ചന്റേതായി അണിയറയിലുണ്ട്.