FeaturedHome-bannerNewsNews

വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി:കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ  കേസ്. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രമന്ത്രി വിദ്വേഷ പ്രചാരണം നടത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു.

ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാകേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ല.’-കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ നമുക്കതില്‍ ആശങ്കപ്പെടാനില്ല. കേരളം മതനിരപേക്ഷത നല്ല രീതിയില്‍ ഉള്ള നാടാണ്. എന്നെയോ സര്‍ക്കാരിനെയോ മുന്നണിയെയോ ഇകഴ്ത്താന്‍ വേണ്ടി കേരളത്തെയാകെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിലൊന്നും കേരളത്തില്‍ ഒരാശങ്കയും ഇല്ല.’-മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ കാലത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ ഡിജിപി പറഞ്ഞിരുന്നു, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന്. അത് എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനം മാതൃകാപരമായ രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button