കണ്ണൂര്‍: പിണറായി ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജില്‍ ദാസ് രണ്ടു മാസമായി ഒളിവിലായിരുന്നു. ഈ മാസം 17നാണ് ഇയാള്‍ പാണ്ട്യാല മുക്കിലെ രയരോത്ത് പൊയില്‍ എന്ന വീട്ടില്‍ വാടകയ്ക്ക് എത്തിയതെന്നാണു പൊലീസ് കരുതുന്നത്. സിപിഎം അനുഭാവിയായ വീട്ടുടമ പ്രശാന്ത് വിദേശത്താണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഈ വീട്ടിലെത്തി നിജില്‍ ദാസിനെ പിടികൂടിയ പൊലീസ് പിന്നീട് പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മ(42)യെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രേഷ്മയെ റിമാന്‍ഡ് ചെയ്തു.
രേഷ്മയും കുട്ടികളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നല്‍കിയതാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. നിജില്‍ ദാസുമായി രേഷ്മയ്ക്കു നേരത്തേ പരിചയമുണ്ടെന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. അധ്യാപികയായ രേഷ്മ സ്‌കൂളിലേക്കു പതിവായി പോയിരുന്നത് നിജില്‍ ദാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണെന്നാണു പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. രയരോത്ത് പൊയില്‍ വീട്ടില്‍ എത്തുന്നതു വരെയുള്ള ദിവസങ്ങളില്‍ എവിടെയായിരുന്നു നിജില്‍ ദാസ് താമസിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
സൈബര്‍ ടീമിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. രാത്രി നിജില്‍ ഭാര്യയുമായി വാട്സാപ്പില്‍ ബന്ധപ്പെടുന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു. ഇതേ തുടര്‍ന്നാണു പ്രതി വലയിലായത്. കേസിലെ 14 ാമത്തെ പ്രതിയാണ് നിജില്‍. 2 പേര്‍ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതി മുഖ്യമന്ത്രിയുടെ വീടിനരികെ ഒളിവില്‍ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടര്‍ന്ന് വീടിനു നേരെ ആക്രമണമുണ്ടായതും പൊലീസിനു നാണക്കേടായി. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് നിജില്‍ ദാസ് ഒളിവില്‍ താമസിച്ച വീട്. കോടതിയില്‍ ഹാജരാക്കിയ നിജില്‍ദാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. രേഷ്മയെ രാത്രിതന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ നിജില്‍ വാടകയ്ക്ക് താമസിച്ച വീട് ആക്രമിക്കപ്പെട്ടത് പൊലീസിനെ വീണ്ടും നാണംകെടുത്തുന്ന സംഭവമായി.
ഹരിദാസനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. (MV Jayarajan Against Reshma who kept the assassin of punnol haridas in her home in pinarayi) പ്രവാസിയുടെ ഭാര്യയാണ് പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ പാര്‍പ്പിച്ചതെന്നും ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും എം.വി.ജയരാജന്‍ പറഞ്ഞു. രേഷ്മയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
ജയരാജന്റെ വാക്കുകള്‍ –
പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതില്‍ രേഷ്മയ്ക്ക് നേതൃപരമായ പങ്കുണ്ട്. മുഖ്യപ്രതിയെ ഒളിവില്‍ പാര്‍പ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്ത സ്ത്രീയുടെ പെരുമാറ്റം ദുരൂഹമാണ്. ഈ വീട് സിപിഎം മുന്‍പ് ഒരു പരിപാടിക്ക് വാടകയ്ക്ക് എടുത്തതില്‍ രാഷ്ട്രീയം ഇല്ല. പ്രതി ഒളിവില്‍ പാര്‍ത്ത രേഷ്മയുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ല.
രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തില്‍ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന വാര്‍ത്ത തെറ്റാണ്. അണ്ടല്ലൂര്‍ ക്ഷേത്രത്തിലുണ്ടായ ഒരു പ്രശ്‌നത്തില്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാട് എടുത്തിരുന്നു.