കോഴിക്കോട് ഏഴുവിദ്യാര്‍ത്ഥികളില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കാരശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലുമാണ് പനി വ്യാപകമായി പടര്‍ന്ന് പിടിച്ചത്. ഇവിടെ നിന്നുള്ള അധ്യാപികയുടേയും നാല് വിദ്യാര്‍ത്ഥികളുടേയും പരിശോധനാ ഫലത്തില്‍ നിന്നുമാണ് എച്ച്1 എന്‍1 സാനിധ്യം സ്ഥിരീകരിച്ചത്. ആകെ ഏഴ് പേരുടെ രക്ത സാമ്പിളുകളാണ് മണിപ്പാലിലേക്ക് പരിശോധനക്കായ് അയച്ചത്.
210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്നലെ മാത്രം 34 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 163 വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് ആദ്യം പനി ബാധിച്ചത്. പിന്നീട് ഓരോ ദിവസവും എണ്ണം കൂടി വരികയായിരുന്നു. പനി പടരുന്ന സാഹചര്യത്തില്‍ സ്‌കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.