FeaturedHealthHome-bannerKeralaNews

കോഴിക്കോട് മരണപ്പെട്ട പന്ത്രണ്ടുകാരിക്ക് H1N1 സ്ഥിരീകരിച്ചു

കോഴിക്കോട്: ഉള്ള്യേരി ആനവാതിലിൽ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രോ​ഗബാധിതയായ കുട്ടി ഞായറാഴ്ച വൈകീട്ട് പനി ബാധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാ​ഗ്ലൂരിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് കുട്ടികൾക്ക് രോ​ഗലക്ഷണങ്ങൾ കണ്ടത്.

പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരും. 2009 ല്‍ എച്ച്.വണ്‍.എന്‍.വണ്‍. പനിയെ പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

എച്ച്.വൺ.എൻ.വൺ. രോഗത്തിനു പൊതുവായി കാണുന്ന ലക്ഷണങ്ങൾ

സാധാരണ വൈറൽ പനി പോലെയാണ് ലക്ഷണങ്ങൾ. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്.

  • പനിയും ശരീരവേദനയും
  • തൊണ്ടവേദന, തലവേദന
  • കഫമില്ലാത്ത വരണ്ട ചുമ
  • ക്ഷീണവും വിറയലും
  • ചിലപ്പോൾ ഛർദിയും വയറിളക്കവും

സങ്കീർണതകൾ

  • ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക
  • രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ
  • ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓർമക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങൾ

രോഗം പകരുന്നത്

  • വായു വഴിയാണ് രോഗം പകരുന്നത്.
  • രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.

മരുന്നുകൾ

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്. ചികിത്സയ്ക്കായി അഞ്ചു ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

അപകടസാധ്യത കൂടുതൽ‌ ആരിലെല്ലാം?

  • അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ ഉള്ളവര്‍
  • ഗര്‍ഭിണികള്‍ മറ്റു ഗുരുതരമായ രോഗമുള്ളവര്‍ (ഉദാ: ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം എന്നിവ ഉള്ളവര്‍)
  • രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (ഉദാ: എച്ച്.ഐ.വി. എയ്ഡ്‌സ്, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, കാന്‍സറിന് ചികിത്സ ചെയ്യുന്നവര്‍).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker