ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യത്തിന് മികച്ച വിജയം. ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും ചേര്‍ന്ന് 13 ജില്ലകളുടെ ഭരണം പിടിച്ചു. ആറ് ജില്ലകളിലാണ് ബിജെപി ജയിച്ചത്. ജമ്മു മേഖലയിലാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി,സി.പി.എം തുടങ്ങി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. ജില്ല വികസന സമിതികളില്‍ ആകെയുള്ള 280 സീറ്റുകളില്‍ സഖ്യം നൂറിലധികം സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 74 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.നാഷണല്‍ കോണ്‍ഫറന്‍സ് 67,പി.ഡി.പി 27,ജെ.കെ.പി.സി 8,സി.പി.എം 5 എന്നിങ്ങനെയാണ് കക്ഷിനില.കോണ്‍ഗ്രസ് 26 സീറ്റുകളില്‍ ജയിച്ചു.
20 ജില്ലകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഓരോ ജില്ലയിലും 14 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. 25 ദിവസങ്ങളിലായി എട്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഒരു ജില്ലയിലെ ഫലം പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. ജമ്മു മേഖലയില്‍ ബിജെപി 71 സീറ്റുകള്‍ നേടിയപ്പോള്‍ ഗുപ്കര്‍ സഖ്യം 35ഉം കോണ്‍ഗ്രസ് 17ഉം സീറ്റുകളില്‍ ജയിച്ചു. കശ്മീരില്‍ ഗുപ്കര്‍ സഖ്യം 72 സീറ്റുകളില്‍ ജയിച്ചു. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ മാത്രമേ ജയിക്കാനായുള്ളൂ. കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടി.
വിജയഘോഷങ്ങളില്‍ മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവര്‍ പങ്കെടുത്തില്ല. പ്രചാരണത്തിന് തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഗുപ്കര്‍ സഖ്യത്തിന്റെ നിരവധി നേതാക്കളെ പൊലീസ് സുരക്ഷാ പ്രശ്നം ഉന്നയിച്ചു തടഞ്ഞു വച്ചിരുന്നു. പ്രചാരണം നടത്തുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.