31.1 C
Kottayam
Monday, May 13, 2024

ദേവനന്ദയെ തട്ടിക്കൊണ്ടുപോയത്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍

Must read

കൊല്ലം: ഇളവൂരില്‍ പുഴയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം. കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും മുത്തച്ഛന്‍ മോഹനന്‍ പിള്ള പറഞ്ഞു. പതിനഞ്ചോ, ഇരുപതോ മിനിട്ടോ സമയം കൊണ്ട് കുട്ടി അവിടെ എത്തില്ല. ആറിന്റെ ആഴവും പരപ്പും തങ്ങള്‍ക്കറിയാം. കുട്ടി തനിയെ പുറത്തുപോകില്ല. ദേവനന്ദ ഇതിന് മുന്‍പ് ഒരിക്കല്‍ പോലും ആറ്റില്‍ പോയിട്ടില്ല. പരിചയമില്ലാത്ത വഴിയിലൂടെ കുട്ടി പോകുന്നതെങ്ങനെയെന്ന് മോഹനന്‍ പിള്ള ചോദിക്കുന്നു. അയല്‍ വീട്ടില്‍ പോലും കുട്ടി പോകില്ല. അമ്മയുടെ ഷാള്‍ ഇട്ട് കുട്ടി പുറത്തു പോകാനുള്ള സാധ്യതയില്ല. കുട്ടി അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും മോഹനന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.

പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്നലെ രാവിലെ 7.30ന് ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമണ്‍ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടില്‍നിന്ന് എഴുപത് മീറ്റര്‍ മാത്രം അകലെയുള്ള ആറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്‌സും റോസ് ഷര്‍ട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തില്‍ കുടുങ്ങിയ നിലയിലുമായിരുന്നു.

കാണാതായി ഒരു മണിക്കൂറിനകം ദേവനന്ദയുടെ മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയ്ക്ക് മുന്‍പ് മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തില്‍ ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week