ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നത് ഗവർണർ പദവിയടക്കമുള്ള വൻ വാഗ്ദാനങ്ങളെന്ന് റിപ്പോർട്ട്. മോദിയുടെ അറിവോടെ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് ചർച്ചകൾ നടത്തിയത്. ഈ ചർച്ചകളിലാണ് പത്മജയ്ക്ക് വൻ വാഗ്ദാനങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
ബിജെപിയുടെ സംസ്ഥാന നേതൃത്വം പത്മജയുടെ കൂടുമാറ്റം അവസാന നിമിഷമാണ് അറിഞ്ഞത്. നദ്ദയടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പലതവണയാണ് പത്മജ ഡൽഹിയിലെത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് ഒരുവിവരവും പുറത്തുപോകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയും ചെയ്തു.
കോൺഗ്രസ് അതികായനായിരുന്ന കെ കരുണാകരനെപ്പോലുള്ള ഒരാളുടെ മകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നവേളയിൽ പാർട്ടിയിലേക്ക് എത്തുന്നത് ഏറെ ഗുണംചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനാലാണ് വൻ ഓഫർ നൽകി പത്മജയെ പാളയത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേരുന്നതെന്നാണ് പത്മജ പറയുന്നത്. ഗവർണർ പദവിക്കുപുറമേ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കണം എന്ന നിർദ്ദേശവും ബിജെപി പത്മജയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പത്മജ അധികം വൈകാതെതന്നെ കൂടിക്കാഴ്ച നടത്തും. ഇതിലായിരിക്കും കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുക.
പത്മജ കോൺഗ്രസ് വിടുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇന്നുരാവിലെയാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചത്. കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നായിരുന്നു പത്മജയുടെ പ്രതികരണം. അവസാനവട്ട അനുരഞ്ജന നീക്കത്തിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും പത്മജ അതിന് വഴങ്ങിയില്ല. പാർട്ടിവിടുമെന്ന് ഉറപ്പായതോടെ പത്മജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ മുരളീധരൻ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. ജാവഡേക്കറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു.
‘‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്.
സമാധാപരമായി പ്രവർത്തിക്കണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. എല്ലാ പാർട്ടികൾക്കും ശക്തമായ നേതൃത്വം വേണം. കോൺഗ്രസിൽ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ അവരെ കാണാൻ ഒരിക്കൽ പോലും അനുവാദം തന്നിട്ടില്ല. മാധ്യമപ്രവർത്തകരോട് ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ഈ പാർട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാർട്ടിയിലേക്ക് വന്നത്.’’– പത്മജ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടു. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതും കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന.