താരുവനന്തപുരം: എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് കൂടി ചേര്‍ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.
ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പിലാക്കാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
നിലവില്‍ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കൂടി രേഖപ്പെടുത്തണം എന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹയര്‍ സെക്കന്‍ഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകള്‍ 27ന് മുമ്ബ് പൂര്‍ത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.
142.58 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 96 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്‌എസിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഏഴ് വര്‍ഷംകൊണ്ട് 3000 കോടിയോളം രൂപ സ്കൂള്‍ കെട്ടിടങ്ങള്‍ക്കായി വിനിയോഗിച്ചു. സ്കൂള്‍ കാമ്ബസ് വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിട്ടുകൊടുക്കരുതെന്നും വിദ്യാര്‍ത്ഥികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അയയ്ക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.