പലവിധങ്ങളായ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് നമ്മള്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജിമെയില്‍ വഴിയുള്ള വിവരക്കൈമാറ്റത്തിന് ഉപയോഗപ്പെടുത്തുന്നതും ഗൂഗിള്‍ ഡ്രൈവിനെയാണ്. പലപ്പോഴും ഇമെയില്‍ വഴിയുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇമെയിലില്‍ നിന്നും കംപ്യൂട്ടറിലും മറ്റ് ഉപകരണങ്ങളിലും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകളിലൂടെയാണ്. അവ പലതും കൈമാറ്റം ചെയ്യുന്നതും ഗൂഗിള്‍ ഡ്രൈവിലൂടെയുമാണ്.
ഈ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇതുവഴി ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ സംബന്ധിച്ച് ഗൂഗിള്‍ അപകടമുന്നറിയിപ്പ് നല്‍കൂം.ഡൗണ്‍ലോഡ് ചെയ്യാന്‍ പോകുന്ന ഫയലുകള്‍ക്ക് മുകളിലായി നല്‍കുന്ന ഒരു ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക.
അപകടകരമാവാന്‍ സാധ്യതയുള്ള ഡോക്യുമെന്റ്, ഇമേജ് എന്നിവ ഉള്‍പ്പെടെയുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് കാണാന്‍ സാധിക്കുമെന്ന് ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ജി സ്യൂട്ട് ബേസിക്, ജിസ്യൂട്ട് ബിസിനസ് ഉപഭോക്താക്കള്‍ക്കെല്ലാമായി ഈ ഫീച്ചര്‍ ലഭ്യമാക്കുന്നുണ്ട്. ഈ ഫയല്‍ സംശയാസ്പദമാണെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിക്കാനിടയുണ്ടെന്നുമുള്ള സന്ദേശമാണ് ബാനറില്‍ കാണിക്കുക.