പിന്നിലൊരു ചക്രമില്ലാതെ ബസ് ഓടിച്ചു; ഏഴ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

നിലമ്പൂര്‍: പിന്നില്‍ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനു കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. മെക്കാനിക്കുമാരായ കെ.പി. സുകുമാരന്‍, കെ. അനൂപ്, കെ.ടി. അബ്ദുള്‍ഗഫൂര്‍, ഇ. രഞ്ജിത്കുമാര്‍, എ.പി. ടിപ്പു മുഹ്സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍. അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ. സുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

2021 ഒക്ടോബര്‍ ഏഴിനാണ് സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നില്‍ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകില്‍നിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുമ്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സര്‍വീസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കേണ്ടിവന്നു. ഇന്‍സ്പെക്ടര്‍ സി. ബാലന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. സംഭവത്തിന്റെ തലേദിവസം ഈ ബസ് ഡിപ്പോയിലെ വര്‍ക്ഷോപ്പിലായിരുന്നു.

ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാര്‍ജ്മാന്‍ മെക്കാനിക്കുകളോടു നിര്‍ദേശിച്ചു. മെക്കാനിക്കുകള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും ചാര്‍ജ്മാന്‍ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തില്ല. ബസിന്റെ സ്പ്രിങ്‌സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റില്‍ രേഖപ്പെടുത്തിയില്ല. ഈ ബസിന്റെ ഒരു ടയര്‍ ഊരി മറ്റൊരു ബസിനിടാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്പെക്ടറും ബസ് എവിടെയെന്നോ ലോഗ്ഷീറ്റ് എവിടെയെന്നോ അന്വേഷിച്ചില്ല.

ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്ചവരുത്തിയതായി അധികൃതര്‍ കണ്ടെത്തി. ഇതിന്റെയൈല്ലാം അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.എന്നാല്‍, ചിലര്‍ക്കെതിരേ നടപടിയെടുക്കുകയും ചിലരെ ഒഴിവാക്കുകയുംചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എസ്.ടി. വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) നിലമ്പൂര്‍ യൂണിറ്റ് കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ക്ക് പരാതിനല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News