FeaturedKeralaNews

സ്വർണ്ണക്കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: നയതന്ത്ര ബാഗുപയോഗിച്ചുള്ള സ്വർണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കണ്ടെത്തി. ഹവാല ഇടപാടുകൾക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന മാർഗ്ഗമാണിവിടെയും ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അതിനിടെ ഇതുമായി ബന്ധപ്പെട്ട ദേശവിരുദ്ധ കേസുമായി ബന്ധപ്പെട്ട് എൻ ഐ എ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

. കസ്റ്റംസ് കേസിൽ അറസ്റ്റ് ചെയ്ത അബ്ദുൾ ഹമീദ്, അബുബക്കർ, ഷമീം എം എ, ജിപ്സൽ സി വി എന്നിവരെയാണ് എൻ ഐ എ കേസിൽ പ്രതി ചേർത്തത്.

വർഷം തോറും കോടിക്കണക്കിനു രൂപ വില വരുന്ന നൂറു കണക്കിനു കിലോ സ്വർണമാണ് വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണ് കടത്തുന്നത്. സ്വർണം വാങ്ങാനുള്ള പണം ഹവാല വഴിയാണ് വിദേശത്ത് എത്തുന്നതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഈ ഹവാലയുടെ മാർഗ്ഗങ്ങളിലൊന്ന് ഇങ്ങനെയാണ്.

വിദേശത്ത് ജോലി ചെയ്യുന്നവരിൽ പലരും ബന്ധുക്കൾക്ക് പണം എത്തിക്കാൻ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്നാണ് ഇതിൻറെ ഓമനപ്പേര്. വിദേശത്ത് ബാങ്കുകളിൽ നിക്ഷേപിക്കുന്നതും സ്വദേശത്ത് ബന്ധുക്കൾ ബാങ്കുകളിൽ എത്തി പണം എടുക്കുന്നതും ഒഴിവാക്കാം. ഒപ്പം നികുതിയും ലാഭിക്കാം. കൈമാറേണ്ട പണം എത്രയെന്ന് വിദേശത്തുള്ളവർ ഹവാലക്കാരെ അറിയിക്കും. കിട്ടേണ്ട ആളുടെ ഫോൺ നമ്പരും രഹസ്യ കോഡും തുകയും കേരളത്തിലുള്ള ഹവാല ഇടപാടുകാരെ അറിയിക്കും. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വിദേശത്തു നിന്നും ലിസ്റ്റ് ലഭിക്കുക.

സംഘാംഗങ്ങൾ ഒരോ ജില്ലയിലുമുണ്ട്. പതിനായിരം രൂപയാണ് കൈമാറേണ്ടതെങ്കിൽ പത്തു രൂപ എന്നാണ് തുകക്കുള്ള കോഡ്. ഒരു ലക്ഷം ആണെങ്കിൽ ഒരു പെട്ടി എന്നും. ജില്ലകളിൽ കണ്ണികളിലുള്ളവർ വീടുകളിലെത്തി പണം കൈമാറും. ഇവർക്ക് ഈ പണം നൽകുന്നത് ചില ജൂവലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂവലറികളിൽ ബില്ലില്ലാതെ നടത്തുന്ന കച്ചവടത്തിൽ നിന്നുള്ള പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കള്ളക്കടത്തായി കൊണ്ടു വരുന്ന സ്വർണമാണ് പകരമായി ജൂവലറികൾക്ക് കിട്ടുക.

വിദേശത്തു നിന്നും കൊണ്ടു വരുന്ന സ്വർണത്തിന് നൽകേണ്ട നികുതിയും കച്ചവടത്തിനു നൽകേണ്ട നികുതിയും സർക്കാരിന് നഷ്ടമാകുകയും ചെയ്യും. ഹവാല വഴി പണം കൈമാറിയത് പിടിക്കപ്പെട്ടാൽ മൂന്നിരട്ടി പിഴ ഈടാക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനു കഴിയും. ഇത്തവണത്തെ സ്വർണ്ണക്കടത്ത് അന്വേഷണം ഹവാല സംഘങ്ങളിലേക്കും എത്തിയിട്ടുണ്ട്. അതിനാൽ വർഷങ്ങളായി ഈ രംഗത്തുള്ള പലരും പിടിയിലാകുമെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അധികൃതർ നൽകുന്ന സൂചന.

ഇതിനിടെ ഇന്ന് റിമാൻഡ് കാലാവധി കഴിയുന്ന പ്രതികളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയുന്ന കോടതിയിൽ ഹാജരാക്കും. കെ.ടി. റമീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കുന്നത്. വീഡിയോ കോൺഫെറെൻസിലൂടെയാണ് പ്രതികളെ ഹാജരാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker