മുഖ്യമന്ത്രിയ്ക്കായി കറൻസി പെട്ടി കടത്തി. ബിരിയാണിയ്ക്കൊപ്പം ‘ലോഹ സമാനമായ’ വസ്തുക്കളും ‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം; കറൻസി കടത്ത് ശിവശങ്കറിന്റെ നിർദേശപ്രകാരം’ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകി. സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
‘2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു.
തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം’– കോടതിയിൽ മൊഴി നൽകിയതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന.
സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.