ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്, കൊച്ചിയിൽ 2 പേർ പിടിയിൽ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ (Kochi Airport ) ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം (Gold) കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാര്‍ഥ് മധുസൂദനന്‍, നിതിന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.

ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് 1.1കിലോ സ്വര്‍ണ മിശ്രിതവും നിതിന്‍ 851 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വര്‍ണ്ണ മിശ്രിതം ക്യാപ്സൂള്‍ രൂപത്തിലാക്കി ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

വിവാഹ തട്ടിപ്പു വീരന്‍ പാലായില്‍ അറസ്റ്റില്‍

വിവാഹ തട്ടിപ്പു വീരന്‍ പാലായില്‍ അറസ്റ്റില്‍. പാലാ പോണോട് സ്വദേശി രാജേഷ് ആണ് പിടിയില്‍ ആയത്. പൈക സ്വദേശിനിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ നിരവധി വഞ്ചനാ കേസുകള്‍ നിലവിലുണ്ടെന്ന് പലാ പൊലീസ് അറിയിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചതിന് പ്രതിക്കെതിരെ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതല്‍ നിരവധി കേസുകളുണ്ട്. ഒളിവിലായിരുന്ന പ്രതിയെ കൂവപ്പള്ളിയിലെ ഒളിസങ്കേതത്തില്‍ നിന്ന് എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി ആളുകള്‍ക്ക് വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 2017 ല്‍ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാള്‍ക്കെതിരെ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

കോട്ടയത്ത് നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍

കോട്ടയം ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ (Pocso Case) പ്രതി ബാംഗ്ലൂരില്‍ നിന്ന് പിടിയില്‍. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബര്‍ 24 ന് ബിജീഷ് രക്ഷപ്പെട്ടത്.

മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്ബോള്‍ ആയിരുന്നു രക്ഷപ്പെടല്‍. വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ ശുചിമുറിയില്‍ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച്‌ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ തെരച്ചിലിലാണ് ബിജീഷിനെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News