ന്യൂഡൽഹി: ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്‌ഐ) ഇന്ത്യയുടെ നില വീണ്ടും താഴേയ്ക്ക് പോയി. ഇന്ത്യയിലെ 22.4 കോടി ആളുകൾക്ക് ആവശ്യത്തിനു പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് നമ്മുടെ രാജ്യം.
121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിൽ ഇന്ത്യ 29.1 സ്‌കോറുമായി 107ാം സ്ഥാനത്താണ്. 109ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ള ഏഷ്യൻ രാജ്യം. പാക്കിസ്ഥാൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), ശ്രീലങ്ക (64) എന്നിവയെല്ലാം നമ്മളെക്കാൾ ഏറെ മുന്നിലാണ്. 2021ൽ ഇന്ത്യ 101ാം റാങ്കിലും 2020 ൽ 94ാം റാങ്കിലുമായിരുന്നു.
എന്നാൽ, കുട്ടികളിലെ വളർച്ച മുരടിപ്പ് 201216 ൽ 38.7% ആയിരുന്നത് 201721 ൽ 35.5% ആയി കുറഞ്ഞിട്ടുണ്ട്. ശിശുമരണം 2014 ൽ 4.5% ആയിരുന്നത് 2020 ൽ 3.3% ആയി കുറഞ്ഞു.
തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യയുടെ പ്രതികരണം. സൂചികയിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ,നേപ്പാൾ, ഭരണ പ്രതിസന്ധിയിലായ ശ്രീലങ്ക എന്നിവരെക്കാളെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
“ഭക്ഷ്യ സുരക്ഷയും ജനസംഖ്യയുടെ പോഷകാഹാര ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിരന്തരമായ ശ്രമം ദൃശ്യമാണ്. തെറ്റായ വിവരങ്ങളാണ് വർഷം തോറും പുറത്തിറക്കുന്ന ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര,” ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. സൂചികയിലുള്ളത് വിശപ്പിന്റെ തെറ്റായ അളവുകോലാണ്. ഗുരുതരമായതും രീതിശാസ്ത്രപരമായതുമായ പ്രശ്നങ്ങൾ പട്ടിക നേരിടുന്നു. നാല് സൂചകങ്ങളിൽ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.
അതു മാത്രമല്ല ആ സൂചകങ്ങൾക്ക് മുഴുവൻ ജനസംഖ്യയുടെയും കാര്യം പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറയുന്നു. 3,000 പേരിൽ മാത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ പട്ടികയിലെ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സൂചക കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയായ രീതിയല്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ റിപ്പോർട്ട് അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്ക് എതിരാണ്. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ബോധപൂർവം അവഗണിച്ചിരിക്കുകയാണ്. കൊവിഡ് സമയത്ത് ചെയ്ത കാര്യങ്ങളൊന്നും പരിഗണിച്ചിട്ടുപോലുമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ആഗോള പട്ടിണി സൂചിക എന്നത് ആഗോളതലത്തിലും രാജ്യമനുസരിച്ചും ദാരിദ്ര്യം അളക്കുകയും വിലയിരുത്തുകയും ചെയ്യുകയും ചെയ്യുന്ന ഒരു പട്ടികയാണ്.
2021 ലെ റാങ്കിംഗിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. 121 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നരേന്ദ്ര മോദി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിൽ 2014 മുതൽ രാജ്യത്തിന്റെ സ്കോർ കൂടുതൽ മോശമാകുകയാണെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം വിമർശിച്ചിരുന്നു. ‘കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളർച്ചാ മുരടിപ്പ്, തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക?’ എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.