KeralaNews

തീ പിടിക്കില്ല, ചൂടില്ല! സി.പി.എം സമ്മേളനത്തിനു ജര്‍മന്‍ ടാര്‍പോളിന്‍ പന്തല്‍

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിനായി മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളോടെയുള്ള ഹൈടെക് പന്തലുകള്‍. 500 പേര്‍ക്കു വീതം ഇരിക്കാവുന്ന മൂന്നു പന്തലുകളുടെ നിര്‍മാണമാണ് സമ്മേളന നഗരിയില്‍ പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ഒറ്റനോട്ടത്തില്‍ കെട്ടിടമാണെന്നേ തോന്നൂ. ജര്‍മന്‍ നിര്‍മിത പ്രത്യേകതരം ടാര്‍പോളിനുകള്‍കൊണ്ടാണ് മേല്‍ക്കൂര മേയുക.

കത്തിക്കു കുത്തിയാല്‍ കീറില്ലെന്നതും തീ പിടിക്കില്ലെന്നതും ഇത്തരം ടാര്‍പൊളിനുകളുടെ പ്രത്യേകതയാണെന്ന് പന്തല്‍ നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. ചൂടിനും ശമനമുണ്ടാകും. മൂന്നു ദിവസം മുമ്പാണ് പന്തല്‍ പണി തുടങ്ങിയത്. മുന്തിയ ഇനം അലുമിനിയം കമ്പികളും തൂണുകളും ഉപയോഗിച്ചാണ് പന്തലിന്റെ സ്ട്രക്ചര്‍ തീര്‍ത്തിരിക്കുന്നത്. രണ്ടു പന്തലുകളുടെ മേല്‍ക്കൂരയും മൂന്നാമത്തേതിന്റെ സ്ട്രക്ചറല്‍ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി.

രാപ്പകല്‍ വ്യത്യാസമില്ലാതെ ദിവസവും മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ അമ്പതോളം പേര്‍ നിര്‍മാണ ജോലികളില്‍ പങ്കാളികളാണ്. മാര്‍ച്ച് ഒന്നിനാണ് സമ്മേളനം തുടങ്ങുകയെങ്കിലും ഈ മാസം 25ഓടെ പന്തല്‍പണി പൂര്‍ത്തിയാക്കാനാണ് കരാറുകാര്‍ക്കു നല്കിയിട്ടുള്ള നിര്‍ദേശം.

കൊച്ചിയിലെ നിയോ കൊച്ചിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പന്തലും സ്റ്റേജും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണക്കരാര്‍. പ്രതിനിധി സമ്മേളനം നടക്കുന്ന പന്തല്‍ എയര്‍ കണ്ടീഷന്‍ ചെയ്യാനും നിര്‍ദേശമുണ്ട്. അലങ്കാരവും ഇലക്ട്രിക്കല്‍ വര്‍ക്കുകളും ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button