കൊച്ചി:സുരക്ഷയൊരുക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാതെയാണ് ടാറ്റയുടെ ന്യൂജെൻ വാഹനങ്ങൾ എല്ലാം എത്തിയിട്ടുള്ളത്. ക്രാഷ്ടെസ്റ്റിൽ ആദ്യമായി അഞ്ച് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നിർമിത വാഹനവും ടാറ്റയിൽ നിന്നായിരുന്നു. ടാറ്റയുടെ വാഹനം ഒരുക്കുന്ന സുരക്ഷയുടെ നേർസാക്ഷിയായ പ്രശസ്ത ഗസൽ ഗായികയായ ഇംതിയാസ് ബീഗത്തിന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസം ടാറ്റ ഹെക്സയിൽ നടത്തിയ യാത്രയും അപകടവും അതിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെയും അനുഭവമാണ് ഗായിക ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് നടന്ന ഒരു പരിപാടി കഴിഞ്ഞുള്ള മടക്ക യാത്രയിൽ ചേർത്തലയിൽ വെച്ചാണ് ഈ അപകടം നടന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ഇംതിയാസ് ബീഗവും മകളും മാത്രമാണ് യാത്ര ചെയ്തിരുന്നത്.
സ്വന്തം കാർ സർവീസിനായി കൊടുത്തിരുന്നതിനാൽ സുഹൃത്തിന്റെ ടാറ്റ ഹെക്സയിലാണ് മകൾക്കൊപ്പം കോഴിക്കോടേക്ക് യാത്ര ചെയ്തത്. മടക്കയാത്രയിൽ പുലർച്ചെ നാല് മണിക്കാണ് അപകടം. റോഡിൽ തിരക്ക് കുറവായതിനാൽ ഒരു ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപ്പോൾ തന്നെ മുന്നിലുണ്ടായിരുന്ന ലോറി വേഗത കൂട്ടി ഇതോടെ വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മഴയായിരുന്നത് കൊണ്ട് ബ്രേക്ക് ചെയ്ത് വാഹനം ഒതുക്കാനുള്ള ശ്രമത്തിനിടയിൽ റോഡിൽ നിന്ന് തെന്നി നീങ്ങുകയും ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു. ആ ഇടിയുടെ ആഘാതത്തിൽ രണ്ട് മൂന്ന് തവണ കറങ്ങിയ വാഹനത്തിന്റെ പിൻഭാഗം മറ്റൊരു ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ഇംതിയാസ് ബീഗം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്
മുന്നിലെ ഗ്ലാസ് പൊട്ടിയതിനാൽ തന്റെ കൈയിൽ ചെറിയ മുറിവുകൾ ഉണ്ടായത് മാത്രമാണ് ഈ അപകടത്തിൽ സംഭവിച്ച പരിക്ക്. പിന്നിൽ കിടന്ന് ഉറങ്ങുകയായിരുന്നു തന്റെ മകൾ പൂർണ സുരക്ഷിതയായിരുന്നു എന്നും അവർ പറഞ്ഞു. അപകട സ്ഥലത്ത് എത്തിയ പോലീസുകാരൻ പറഞ്ഞത് ടാറ്റയുടെ വാഹനമായതിനാൽ മാത്രം രക്ഷപ്പെട്ടു, ഇല്ലെങ്കിൽ നോക്കേണ്ടായിരുന്നു എന്നാണെന്നും അവർ പറയുന്നു.