ഗാസ സിറ്റി: ഗാസയിലേക്ക് സഹായ ഇടനാഴി തുറന്നു. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടക്കും. ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കും. ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ ഗാസയിലേക്ക് മുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഗാസ-ഇസ്രയേൽ യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 4,137 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. 13,162 പേർക്ക് പരുക്ക് ഏറ്റു.
ഒക്ടോബർ ഏഴിനു ഹമാസ് ആക്രമണത്തിനു പിന്നാലെ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചിരുന്നു. യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് മോചിപ്പിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്.
ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് റിയാദില്‍ ചേര്‍ന്ന ആസിയാന്‍-ജിസിസി ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഉച്ചകോടി നിർദേശിച്ചു.
യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം. സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടുന്ന ബന്ദികളെ നിരുപാധികം മോചിപ്പിക്കണം. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ കക്ഷികളോടും ഉച്ചക്കോടിയിൽ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു.