InternationalNews

‘ഗാസ കൂട്ടമരണത്തിലേക്ക്’; ഇന്ധനം ഇന്ന് രാത്രി തീരും, മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ

ഗാസ: അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുന്നതോടെ ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. ഓക്സ്ഫാം അടക്കമുള്ള സംഘടനകള്‍ ഗാസയിലെ അവസ്ഥ ഭീകരമെന്നാണ് പറയുന്നത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കണക്ക്.  ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ പ്രവർത്തനം നിർത്തും.

ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം  704 പേർ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. 

യുദ്ധം കൂടുതൽ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. സിറിയയ്ക്കുള്ളിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും തുടർച്ചയായി ശിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തുകയാണ്.

പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനൻ അതിർത്തിയിൽ ഇസ്രായേലിന് നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണമുണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker