തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തിയത്. 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ് ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ നിഗമനം. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പനയ്‌ക്കെത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.