CrimeKeralaNews

ഗുണ്ടാ- ലഹരി സംഘത്തിന്റെ ഭീഷണി;കോട്ടയത്ത്‌ ഹോട്ടൽ സംരംഭം നിർത്താനൊരുങ്ങി പ്രവാസി വ്യവസായി

കോട്ടയം: ലഹരി- ഗുണ്ടാ സംഘങ്ങളെ പേടിച്ച് ഹോട്ടല്‍ സംരംഭം നിര്‍ത്താനൊരുങ്ങി കോട്ടയം അതിരമ്പുഴയിലെ പ്രവാസി വ്യവസായി. ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും വിദേശത്തേക്കുതന്നെ മടങ്ങുകയാണെന്നും ജോര്‍ജ് വര്‍ഗീസ് എന്ന സംരംഭകന്‍ പറയുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡി.വൈ.എസ്.പിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇനി ഒരു സംരംഭകനും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് ആറുമാനൂര്‍ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറയുന്നത്.

ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ജോര്‍ജ് വര്‍ഗീസ്, അതിരമ്പുഴ മുണ്ടുവേലിപ്പടിയില്‍ റസ്റ്റോറന്റും കള്ളുഷാപ്പും തുടങ്ങി. താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ യുവ പ്രവാസി സംരഭകന്റെ കണ്ണ് നിറയും. ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ല എന്നാണ് അദ്ദേഹം പരാതിപ്പെടുന്നത്.

മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി ഡി.വൈ.എസ്.പിയോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ പ്രധാന ഗുണ്ടകളെ കാപ്പ ചുമത്തി നേരത്തെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ക്രമസമാധപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു.

കള്ളുഷാപ്പില്‍ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിന്‍ ഭാഗം കോട്ടമുറി പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ വീട്ടില്‍ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പില്‍ വീട്ടില്‍ ആഷിക് എം (25) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ ഈ മാസം നാലിന് അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും, ഷാപ്പില്‍ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്‌കും കസേരയും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നുൂ.

ഷാപ്പുടമയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ ആഷിക്കിന് അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും, വിഷ്ണുവിന് അടിപിടി കേസും നിലവിലുണ്ട്.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ ടി.ആര്‍, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീണ്‍, പ്രേംലാല്‍ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button