28.4 C
Kottayam
Thursday, May 30, 2024

പോർച്ചുഗലിനെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് ലീഡ്; ഇന്നും റൊണാള്‍ഡോയില്ലാതെ ലൈനപ്പ്‌

Must read

ദോഹ: ഖത്തർ ലോകകപ്പിലെ സ്വപ്നതുല്യമായ കുതിപ്പ് ഒരിക്കൽക്കൂടി ആവർത്തിച്ച് പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലീഡെടുത്ത് മൊറോക്കോ. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ.

പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്‌ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26–ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

മറുവശത്ത് പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്സായിരുന്നു. അഞ്ചാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിൽ ഫെലിക്സിന്റെ ഡൈവിങ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു കുത്തിയകറ്റി. 31–ാം മിനിറ്റിൽ ഫെലിക്സിന്റെ തകർപ്പൻ ബുള്ളറ്റ് ഷോട്ട് മൊറോക്കോ താരം എൽ യമീഖിന്റെ ദേഹത്തുതട്ടി ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

സ്വിറ്റ്സർലൻഡിനെതിരെ ഗോൾമഴ സൃഷ്ടിച്ച ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ടീമിനെ കളത്തിലിറക്കുന്നത്. വില്യം കാർവാലോയ്ക്കു പകരം റൂബൻ നെവസ് ആദ്യ ഇലവനിലെത്തി. മിക്ക മത്സരങ്ങളിലും മാറ്റമില്ലാത്ത ടീമിനെ ഇറക്കാറുള്ള മൊറോക്കോയും, പോർച്ചുഗലിനെതിരെ രണ്ടു മാറ്റങ്ങൾ വരുത്തി. പരുക്കു മൂലം പുറത്തായ നയെഫ് അഗ്വാർഡ്, നൗസിർ മസ്റാവോയ് എന്നിവർക്കു പകരം എൽ യമീഖ്, അത്തിയത്ത് അല്ലാ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ഈ ലോകകപ്പിൽ ഏറ്റവും ആവേശത്തോടെ കളിച്ചു കയറിയ ടീമുകളാണ് മൊറോക്കോയും പോർച്ചുഗലും. പക്ഷേ, ഭാവം ഒന്നാണെങ്കിലും വഴി വ്യത്യസ്തമായിരുന്നു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ അക്ഷരാർഥത്തിൽ തകർത്തെങ്കിൽ മൊറോക്കോ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് മറികടന്നത്. പോർച്ചുഗലിന്റെ അലയടങ്ങാത്ത ആക്രമണവും മൊറോക്കോയുടെ തല കുനിക്കാത്ത പ്രതിരോധവും തമ്മിലുള്ള പോർമുഖമാകും ഇന്ന് അൽ തുമാമ സ്റ്റേഡിയം.

കോച്ച് വാലിദ് റഗ്റാഗി ചുമതലയേറ്റെടുത്ത ശേഷം മൊറോക്കോ 7 രാജ്യാന്തര മത്സരങ്ങളിൽ ഗോൾ വഴങ്ങിയത് ഒരെണ്ണത്തിൽ മാത്രം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്ക്കെതിരെ ഒരു ഗോൾ.

പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പോർച്ചുഗലിന്റെ വരവ്. യുവതാരം ഗോൺസാലോ റാമോസ് നേടിയ ഹാട്രിക്കാണ് പോർച്ചുഗലിന്റെ കുതിപ്പിനു പിന്നിൽ. 1966നുശേഷം ആദ്യ ലോകകപ്പ് സെമി കൂടിയാണ് പോർച്ചുഗൽ ലക്ഷ്യമിടുന്നത്.

മറുവശത്ത്, ഖത്തർ ലോകകപ്പിലെ അപ്രതീക്ഷിത കുതിപ്പ് സെമിഫൈനലിലേക്കു കൂടി നീട്ടാനുള്ള ശ്രമത്തിലാണ് മൊറോക്കോ. ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ അവർ, പിന്നീട് സ്െപയിനെയും വീഴ്ത്തിയാണ് ക്വാർട്ടറിലെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോയുടെ ആദ്യ ക്വാർട്ടർ ഫൈനലാണിത്.

ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽനിന്ന് പുറത്ത്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലാണ് സൂപ്പർതാരം ബെഞ്ചിലായത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയും ക്രിസ്റ്റ്യാനോ പകരക്കാരുടെ ബെഞ്ചിലായിരുന്നു. ക്രിസ്റ്റ്യാനോയ്ക്കു പകരം കളത്തിലിറങ്ങി സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ ഹാട്രിക് നേടിയ 21 വയസ്സുകാരൻ ഗോൺസാലോ റാമോസ് ഇന്നും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week