തിരുവനന്തപുരത്ത് ഉറ്റ സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ തൂങ്ങിമരിച്ച നിലയില്‍. മാറനല്ലൂര്‍ അജിന്‍ നിവാസില്‍ ശ്രീകുമാര്‍-ശ്രീലേഖ ദമ്പതികളുടെ മകന്‍ അജില്‍ എസ്. കുമാര്‍(20) അരുവിയോട് ചാനല്‍ക്കര വിളയില്‍ വീട്ടില്‍ രാമകൃഷ്ണന്‍ നായര്‍- മഹേശ്വരി ദമ്പതികളുടെ മകന്‍ അഭിനേഷ്(29) എന്നിവരാണ് മരിച്ചത്.

ഇരുവരെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണു കാണപ്പെട്ടത്. രാവിലെ പത്തരയോടെയാണ് ബിരുദ വിദ്യാര്‍ഥിയായ അജിലിന്റെ മൃതദേഹം വീടിനുള്ളിലെ മുറിയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് വീട്ടിലെത്തിയവരില്‍ അഭിനേഷും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടേകാലോടെ അഭിനേഷിനെയും വീടിനു സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മാറനല്ലൂരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു അഭിനേഷ്. ഇതിനു സമീപമാണ് അജില്‍ കുമാര്‍ താമസം. ഇവര്‍ സുഹൃത്തുക്കളാണെന്നു നാട്ടുകാര്‍ പറഞ്ഞു.

ഇരുവരുടെയും മരണ കാരണം അന്വേഷണത്തിലെ വ്യക്തമാകൂവെന്നു മാറനല്ലൂര്‍ പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അജില്‍ എസ് കുമാറിന്റെ സഹോദരന്‍:അജിന്‍ എസ് കുമാര്‍. അഭിനേഷിന്റെ സഹോദരങ്ങള്‍: അഭിലാഷ്,അനീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News