കാസര്‍കോട്: കൊവിഡ് പ്രതിസന്ധിക്കിടെ ഇരുട്ടടിയായുള്ള ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിയുകയാണ് ജനം. പെട്രോള്‍ പമ്പിലേക്ക് വാഹനവുമായി പോകുന്നവരുടെ നെഞ്ചിടിപ്പ് ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്. പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്നതല്ലാതേ, കുറയുന്നില്ല.
അതിനിടെ, കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള പെര്‍ളയിലെ കുദുക്കോളി പെട്രോള്‍ പമ്പില്‍ ഇന്ധനമടിക്കാന്‍ ഓട്ടോകളുടെ നീണ്ട നിരയായിരുന്നു. പമ്പിലെത്തുന്ന ഓട്ടോകള്‍ക്കെല്ലാം 3 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന പെട്രോള്‍ പമ്പുടമയുടെ പ്രഖ്യാപനമാണ് ഇതിന് കാരണം.
അബുദാബിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്ന പെര്‍ള കുദുക്കോളിയിലെ അബ്ദുല്ല മധുമൂലെയുടെ ഉടമസ്ഥതയിലുള്ളതാണ് എന്‍മകജെ പഞ്ചായത്തില്‍പ്പെട്ട പെര്‍ളയിലെ ഈ പമ്പ്. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമെന്ന നിലയിലായിരുന്നു പ്രവാസിയായ ഇദ്ദേഹത്തിന്റെ വക സൗജന്യ ഇന്ധനം നല്‍കല്‍. ഒറ്റ ദിവസം കൊണ്ട് സൗജന്യ ഇന്ധനമടിക്കാന്‍ പമ്പിലെത്തിയത് 313 ഓട്ടോകളാണ്.
സൗജന്യ ഇന്ധനം നല്‍കുന്നതറിഞ്ഞ് സമീപത്തെ പഞ്ചായത്തുകളില്‍ നിന്നും ഓട്ടോകളെത്തി. കഴിഞ്ഞ 14 ന് രാവിലെ 6.30 മുതല്‍ രാത്രി 9 വരെയായിരുന്നു സൗജന്യ സേവനം. അന്നേ ദിവസം പമ്പിലെത്തിയ മുഴുവന്‍ ഓട്ടോകള്‍ക്കും ഇന്ധനം സൗജന്യമായി നല്‍കി. പെട്രോളിന് 97.70 രൂപയും ഡീസലിന് 93.11 രൂപയുമായിരുന്നു അന്നത്തെ വില. കര്‍ണാടക അതിര്‍ത്തിക്കടുത്താണ് ഈ പമ്പ്.
അബുദാബിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെയ്ദ് ഫൗണ്ടേഷനില്‍ സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറാണ് എന്‍മകജെ പഞ്ചായത്തിലെ കുദുക്കോളി സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അബ്ദുല്ല.മാതാപിതാക്കളുടെ പേരിലുള്ള ഹവ്വ ആന്‍ഡ് ഹസന്‍ ഫൗണ്ടേഷന്‍ വഴി ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യകിറ്റുകളും നല്‍കിയിരുന്നു.