മ്യൂണിക്ക്:യൂറോ കപ്പിൽ കരുത്തരായ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് . ഗ്രൂപ്പ് എഫിൽ നടന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ ജർമൻ പ്രതിരോധതാരം മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.
കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാൻ ജർമനിയ്ക്ക് സാധിച്ചില്ല. ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രാൻസ് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. നന്നായി കളിച്ചെങ്കിലും മുന്നേറ്റ നിര ഫോമിലേക്കുയരാഞ്ഞത് ജർമനിയ്ക്ക് വിലങ്ങുതടിയായി.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ ജർമനി ആക്രമിച്ചുകളിച്ചു. പന്ത് കൈവശം വെയ്ക്കുന്നതിലും ജർമൻ പട വിജയിച്ചു. എന്നാൽ പതിയെ ഫ്രാൻസ് കളിയിൽ പിടിമുറുക്കി. ജർമനി 3-4-3 എന്ന ശൈലിയിലും ഫ്രാൻസ് 4-3-3 ശൈലിയിലുമാണ് കളിച്ചത്.
ഏഴാം മിനിട്ടിൽ തന്നെ ജർമനിയുടെ ജോഷ്വ കിമ്മിച്ച് മഞ്ഞക്കാർഡ് വാങ്ങി. ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. 15-ാം മിനിട്ടിൽ ഫ്രാൻസിന്റെ പോൾ പോഗ്ബയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ മുതുകിൽ തട്ടി പോസ്റ്റിന് മുകളിലൂടെ പറന്നു. 17-ാം മിനിട്ടിൽ ജർമൻ ബോക്സിനകത്തേക്ക് കുതിച്ചെത്തിയ എംബാപ്പെയുടെ ഷോട്ട് ഗോൾകീപ്പർ ന്യൂയർ തട്ടിയകറ്റി.
എന്നാൽ 20-ാം മിനിട്ടിൽ ഫ്രാൻസ് മത്സരത്തിൽ ലീഡെടുത്തു. ജർമൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ഹെർണാണ്ടസിന്റെ ക്രോസിൽ അബദ്ധത്തിൽ കാലുവെച്ച ഹമ്മൽസിന്റെ ക്ലിയറൻസ് ഗോളിൽ കലാശിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ ഇടം നേടിയ ഹമ്മൽസിന് ഈ സെൽഫ് ഗോൾ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
പിന്നാലെ 24-ാം മിനിട്ടിൽ ജർമനിയ്ക്ക് പോസ്റ്റിന് തൊട്ടുമുന്നിൽ വെച്ച് ഫ്രീകിക്ക് അവസരം ലഭിച്ചു. എന്നാൽ കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് ഫ്രഞ്ച് പ്രതിരോധമതിലിൽ തട്ടിത്തെറിച്ചു. മികച്ച കളി പുറത്തെടുത്തിട്ടും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ജർമനി പരാജയപ്പെട്ടു.
38-ാം മിനിട്ടിൽ ജർമനിയുടെ ഗുണ്ടോഗന് സുവർണാവസരം ലഭിച്ചിട്ടും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ജർമനി 4-4-2 എന്ന ശൈലിയിലേക്ക് കളി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുത്തു. 51-ാം മിനിട്ടിൽ ഫ്രാൻസിന്റെ റാബിയോയുടെ ഉഗ്രൻ ഷോട്ട് ജർമൻ പോസ്റ്റിൽ തട്ടിത്തെറിച്ചു.
54-ാം മിനിട്ടിൽ ജർമനിയുടെ മുന്നേറ്റതാരം നാബ്രിയുടെ ഉഗ്രൻ ഷോട്ട് ഫ്രഞ്ച് ക്രോസ്ബാറിലുരുമ്മി കടന്നുപോയി. ജർമനി സമനില ഗോളിനായി കിണഞ്ഞുശ്രമിച്ചു. ജർമനി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടതോടെ ഫ്രാൻസ് പ്രതിരോധം വിയർത്തു. ജർമനി ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഫ്രാൻസ് പ്രതിരോധം ശക്തമാക്കി.
66-ാം മിനിട്ടിൽ ഫ്രാൻസിന്റെ എംബാപ്പെ ജർമൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. സനെയെയും വെർണറെയും ജർമനി കൊണ്ടുവന്നെങ്കിലും ഗോളടിക്കാൻ ടീം മറന്നു.
85-ാം മിനിട്ടിൽ മികച്ച മുന്നേറ്റത്തിലൂടെ കരിം ബെൻസേമ ജർമൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. അവസാന മിനിട്ടുകളിൽ ജർമനി ഗോളടിക്കാൻ ആഞ്ഞുശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഫ്രാൻസ് പ്രതിരോധനിരയെ മറികടക്കാൻ ജോക്കിം ലോയ്ക്കും സംഘത്തിനും സാധിച്ചില്ല.