CrimeNationalNews

ആഴ്ചയിലൊരിക്കൽ അച്ഛനൊപ്പം അയയ്ക്കുന്നത് തടയാൻ നാലുവയസുകാരനെ ക്രൂരമായി കൊന്നു,ബെംഗലൂരുവിലെ കൊലയുടെ കുരുക്കഴിയുന്നു

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ ക്രൂരമായി കൊന്ന സംഭവത്തില്‍ കേരള ബന്ധവും. പ്രതി സുചന സേത്തിന്റെ (39) ഭര്‍ത്താവ് മലയാളിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞു താമസിക്കുന്ന സുചന, വിവാഹ മോചന നടപടികള്‍ക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വെങ്കട്ട് രാമനാണു സുചനയുടെ ഭര്‍ത്താവ്. ഇരുവരും 2020 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണ്.

സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം ഇന്തൊനീഷ്യയിലായിരുന്നു. മകനെ ഭാര്യ കൊലപ്പെടുത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് വെങ്കട് ഇന്ത്യയിലെത്തി. വൈകുന്നേരത്തോടെ ചിത്രദുര്‍ഗയിലെത്തിയ വെങ്കട് മകന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുളള അനുമതി നല്‍കിയതായി പൊലീസ് അറിയിച്ചു. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളില്‍ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിര്‍ദേശം . ഇതില്‍ അസ്വസ്ഥയായ സുചന, ഇത് പാലിക്കാതിരിക്കാനാണ് മകനെ ഗോവയിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു കൊലപ്പെടുത്തിയതെന്ന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

മൃതദേഹം ബാഗിലാക്കി ഗോവയില്‍നിന്നു ബെംഗളൂരുവിലേക്കു ടാക്‌സിയില്‍ പുറപ്പെട്ട ഇവരെ പൊലീസ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നാണു പിടികൂടിയത്. ഹോട്ടലിലെയും സമീപങ്ങളിലെയും സുരക്ഷാ ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുകയാണ്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും നോര്‍ത്ത് ഗോവ എസ്പി നിധിന്‍ വല്‍സന്‍ പറഞ്ഞു.

ബംഗാള്‍ സ്വദേശിയായ സുചന ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ തൃപ്തയായിരുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. 2010ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ക്കു ശേഷം 2019ലാണു മകന്‍ ജനിച്ചത്. ഇതിനു പിന്നാലെ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യം കൂടിയെന്നും 2020ല്‍ വിവാഹമോചനത്തിനു ശ്രമം ആരംഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

ബെംഗളൂരുവില്‍ താമസിക്കുന്ന സുചന ഇവിടുത്തെ വിലാസം നല്‍കിയാണു ശനിയാഴ്ച നോര്‍ത്ത് ഗോവയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ ബെംഗളൂരുവിലേക്കു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ പോകുന്നതായിരിക്കും സൗകര്യമെന്നു ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ജീവനക്കാര്‍ രക്തക്കറ കണ്ടു. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍നിന്നു പുറത്തിറങ്ങുന്ന യുവതിക്കൊപ്പം മകനില്ലെന്നു വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്‌സി ഡ്രൈവറുടെ ഫോണിലേക്കു വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള സുഹൃത്തിന്റെ അടുത്താക്കിയെന്നു യുവതി പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കി. അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസ്സിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണു സംസാരിച്ചത്.

വാഹനം എവിടെ എത്തിയെന്നു ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്നു മറുപടി പറഞ്ഞു. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയുംകൊണ്ട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ചു ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല സ്റ്റേഷനിലേക്കു വാഹനം എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണു വാഹനത്തിലെ ബാഗിനുള്ളില്‍ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ദ് മൈന്‍ഡ്ഫുള്‍ എഐ ലാബ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണു സുചന. നാലു വര്‍ഷമായി കമ്പനിയെ നയിക്കുന്നു. ഭൗതികശാസ്ത്രത്തില്‍ (പ്ലാസ്മ ഫിസിക്‌സ് വിത്ത് ആസ്‌ട്രോ ഫിസിക്‌സ്) ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. രാമകൃഷ്ണമിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറില്‍നിന്ന് സംസ്‌കൃതത്തില്‍ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായിട്ടുള്ളയാളാണു സുചനയെന്നു പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker