ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ല. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയൂ. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മറ്റ് രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിക്കേണ്ടിവരുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് 183 പേജുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. കൊവിഡ് മഹാമാരിമൂലം 3.85 ലക്ഷം പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കും. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിലൂടെ അധികബാധ്യതയാകും ഉണ്ടാകുക.
കൊവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കൊവിഡ് മരണം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിന്റെ നയം എന്താണെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും കേന്ദ്രം ആശ്യപ്പെട്ടു. ജനപ്രതിനിധി സഭയുടെ നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന മുന്‍ വിധിന്യായത്തെക്കുറിച്ചും സര്‍ക്കാര്‍ സുപ്രീം കോടതിയെ ഓര്‍മ്മിപ്പിച്ചു.