കോഴിക്കോട്: മുന്‍ എം.എല്‍.എയും എല്‍.ജെ.ഡി. സീനിയര്‍ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എല്‍.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍രാവിലെയാണ് അന്ത്യം.
വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചു. എല്‍.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി.
വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി.
സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ (ഐ.എസ്.ഒ.) സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനതാദള്‍ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവര്‍ത്തിച്ചു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1976-ല്‍ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. ഒട്ടേറെ വിദ്യാര്‍ഥി-യുവജനസമരങ്ങള്‍ക്കും നേതൃത്വം നല്‍കി.
2006-ല്‍ വടകര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ല്‍ വടകരയില്‍നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപര്‍, തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകള്‍: ഡോ.പ്രിയ. മരുമകന്‍: കിരണ്‍ കൃഷ്ണ (ദുബായ്). സഹോദരങ്ങള്‍: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണന്‍, ചന്ദ്രമണി.