KeralaNews

അന്‍സിയും അഞ്ജനയും രക്ഷപെട്ടോടിയതോ? പാര്‍ട്ടിയ്ക്കു ശേഷം തര്‍ക്കം നടന്നെന്നു സംശയം; രണ്ട് കാറുകള്‍ പിന്തുടര്‍ന്നെന്ന് വിവരം

കൊച്ചി: മുന്‍ മിസ് കേരള വിജയികളായ യുവതികള്‍ ഉള്‍പ്പെട്ട വാഹനാപകടത്തിനു മുന്‍പ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വാക്കുതര്‍ക്കം നടന്നെന്ന സംശയത്തില്‍ പോലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ തര്‍ക്കത്തിനു ശേഷം ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടം നടന്നതെന്നുമാണ് പോലീസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഹോട്ടലിലെ മുഴുവന്‍ സിസിടിവി
ദൃശ്യങ്ങളും കണ്ടെത്തേണ്ടത് അന്വേഷണത്തില്‍ നിര്‍ണായകമായി.

അപകടം നടന്ന പാലാരിവട്ടം ബൈപ്പാസിലെ സ്ഥലം വരെ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ സഞ്ചരിച്ച വാഹനത്തെ രണ്ട് കാറുകള്‍ പിന്തുടര്‍ന്നിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിക്കുകയായിരുന്നുവെന്ന് പോലീസിനു മൊഴി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നടന്ന പ്രശ്‌നത്തിനു ശേഷം സംഘം സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നുവെന്നും ഇതിനിടെ അപകടമുണ്ടായെന്നുമാണ് പോലീസ് കരുതുന്നത്. പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇവിടെ വെച്ച് അഞ്ജന ഷാജനും അന്‍സി കബീറും ഉള്‍പ്പെടെയുള്ള സംഘവുമായി വാക്കുതര്‍ക്കം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്.

നവംബര്‍ 1നു പുലര്‍ച്ചെയായിരുന്നു ദേശീയപാത ബൈപ്പാസില്‍ ചക്കരപ്പറമ്പിനു സമീപം 2019 മിസ് കേരള വിജയി അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. യുവതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇവരുടെ കാര്‍ കാര്‍ മരത്തിലിടിച്ചു തകര്‍ന്നതു വരെ ഒരു ഓഡി കാര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാറിലുണ്ടായിരുന്ന എറണാകുളം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പല കാര്യങ്ങളും മറയ്ക്കുകയാണെന്നാണ് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്ന സ്ഥലത്ത് ഹോട്ടലുടമയും എത്തിയെങ്കിലും ഉന്നതബന്ധങ്ങളുള്ള ഇയാളെ ചോദ്യം ചെയ്ത് ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ പാര്‍ട്ടിയ്ക്കു ശേഷം മദ്യലഹരിയില്‍ മത്സരയോട്ടം നടത്തിയെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് ഓഡി കാര്‍ ഓടിച്ചിരുന്ന ഷൈജു എന്നയാള്‍ പറയുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് മത്സരിച്ച് റോഡിലൂടെ നീങ്ങിയ ഓഡി കാര്‍ യുവതികള്‍ സഞ്ചരിച്ച ഫിഗോ കാറിനെ രണ്ട് തവണ ഓവര്‍ടേക്ക് ചെയ്തു. യുവതികളുടെ കാര്‍ ഒരു തവണയും ഓവര്‍ടേക്ക് ചെയ്തു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ ഫിഗോ കാര്‍ കാണാനുണ്ടായിരുന്നില്ല.

തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് ചക്കരപ്പറമ്പില്‍ അപകടം നടന്നതായി മനസ്സിലാകുന്നത്. ഇതോടെ 100ല്‍ വിളിച്ച് പോലീസിനെ ബന്ധപ്പെട്ടതായും ഇയാള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവേഗതയ്ക്ക് മാത്രമാണ് കേസെടുക്കാന്‍ വകുപ്പുള്ളതെങ്കിലും ഈ റോഡില്‍ തെളിവായി സിസിടിവി ദൃശ്യങ്ങളില്ലെന്നും പോലീസ് പറയുന്നു.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ ചോദ്യം ചെയ്‌തെങ്കിലും ഇയാളില്‍ നിന്ന് അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു ഓഡി കാര്‍ തങ്ങളുടെ പിന്നാലെ വന്നെന്നും ഇതിന്റെ മാനസികസമ്മര്‍ദ്ദത്തിലാണ് അപകടം നടന്നതെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker