ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയും ഒരു ഗ്രാമിന് 4,590 രൂപയുമാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായിരുന്നു വില. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ഉയരുന്ന പണപ്പെരുപ്പ സാധ്യതകളാണ് സ്വര്‍ണ വില മൂന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയരാന്‍ കാരണം. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.

ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ സ്വര്‍ണ വില പവന് 1,040 രൂപയാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. സെപ്റ്റംബറില്‍ പവന് 1,000 രൂപയാണ് കുറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News