40 കൊല്ലം പഴക്കമുള്ള ആര്യവേപ്പ് മുറിച്ചയാള്‍ക്ക് 60,000 രൂപ പിഴചുമത്തി വനംവകുപ്പ്; വിവരം കൈമാറിയത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി
ഹൈദരാബാദ്: നാല്‍പതു കൊല്ലം പഴക്കമുള്ള ആര്യവേപ്പ് മരം മുറിച്ചയാള്‍ക്ക് 60,000 രൂപ പിഴചുമത്തി വനംവകുപ്പ്. ഹൈദരാബാദ് സ്വദേശിയായ ജി സന്തോഷ് റെഡ്ഡിക്കാണ് തെലങ്കാന വനംവകുപ്പ് പിഴ ചുമത്തിയത്. തന്റെ വീട്ടുപരിസരത്തുണ്ടായിരുന്ന വന്‍മരം രാത്രിയോടെ കാണാതായതായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വനംവകുപ്പിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് കുട്ടി വിവരമറിയിച്ചത്. ഒരു ഗ്രീന്‍ ബ്രഗേഡിയറാണെന്നാണ് കുട്ടി തന്നെ പരിചയപ്പെടുത്തിയതെന്നും മരം മുറിച്ചയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുട്ടി ആവശ്യപ്പെടുകയും ചെയ്തു. പുതിയ വീടിന്റെ നിര്‍മാണത്തിന് മരം തടസ്സമായതിനാലാണ് മുറിച്ചു മാറ്റിയതെന്ന് സന്തോഷ് റെഡ്ഡി മൊഴി നല്‍കി.
തെളിവ് നശിപ്പിക്കാന്‍ മുറിച്ച മരത്തിന്റെ ശാഖകള്‍ രാത്രി തന്നെ കത്തിച്ചു കളയാന്‍ ഇയാള്‍ ശ്രമിക്കുകയും ചെയ്തു. വിവരമറിയിച്ച വിദ്യാര്‍ത്ഥിയുടെ ഉത്തരവാദിത്വപൂര്‍ണമായ പ്രതികരണത്തെ വനംവകുപ്പ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. മരം മുറിച്ചു നീക്കുന്നതിനായി അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി തേടാത്തതിനാലാണ് സന്തോഷിന് ഇത്രയും തുക പിഴ ചുമത്തിയതെന്ന് വനംവകുപ്പ് വ്യക്തമാക്കി.