ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതു ചരിത്രം എഴുതിയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. ഓസ്ട്രോലിയയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടനെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ ഇന്ത്യക്ക് വലിയ നേട്ടമാണ് ഉണ്ടായതെന്നാണ് വിവരം. അമേരിക്കയുമായി നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തമായതാണ് അതില്‍ പ്രധാനം. വാണിജ്യ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് തീരുമാനിച്ചതിന് പിന്നാലെ പാകിസ്താനെതിരായ നിലപാട് പ്രത്യക്ഷത്തില്‍ തന്നെ അമേരിക്ക വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തുന്നത്. സ്വതന്ത്ര വ്യാപാര കരാറിന് മുന്നിലുള്ള പ്രധാന തടസങ്ങളെല്ലാം വേഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ നരേന്ദ്ര മോദി ആ രാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ സുദൃഢമാക്കി. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരക്കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഇരുരാജ്യങ്ങളും വ്യാപാര കരാറില്‍ ഒപ്പിടും. ഇന്‍ഡോ പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചത് ഏറെ പ്രധാനപ്പെട്ടതാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിക്കുന്നത് ചൈനയുടെ അതിര്‍ത്തി വര്‍ദ്ധിപ്പിക്കാനുള്ള മോഹങ്ങള്‍ക്ക് എതിരാകും.
ജി ഫോര്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നേടാന്‍ ശ്രമങ്ങള്‍ ശക്തമാക്കിയതാണ് മറ്റൊരു നേട്ടം. പുതുതായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകത്തെ അറിയിച്ചു. അഫ്ഗാനിസ്താനില്‍ ചൈനയും പാകിസ്താനും നടത്തുന്ന ഇടപെടലുകള്‍ ലോകരാജ്യങ്ങള്‍ക്ക് ആകെ ഭീഷണിയാണെന്ന് സന്ദേശം നല്‍കാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു.