തിരുവനന്തപുരം: ”ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ? ഡി.എന്‍.എ. പരിശോധന വേണമെങ്കിലും ചെയ്യാം” തന്റെ മാതൃത്വം തെളിയിക്കാന്‍ വേണ്ടി പോലീസിനോട് കെഞ്ചി പറഞ്ഞ നാടോടി സ്ത്രീയുടെ വാക്കുകളാണിത്. നാലുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്താണ് ഈ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍.
ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം പാറ്റൂരില്‍ ചിത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ആന്ധ്രാ സ്വദേശിയായ സുജാതയെ ചിലര്‍ തടഞ്ഞുവെച്ചത്. സുജാതയുടെ കൈയിലിരിക്കുന്ന കുഞ്ഞ് അവരുടേതല്ലെന്ന് ആരോപിച്ചായിരുന്നു തടഞ്ഞ് നിര്‍ത്തിയത്. കാരണമായി പറഞ്ഞതാകട്ടെ കുഞ്ഞ് വെളുത്തതാണെന്നും.
പൊരിവെയിലത്ത് വടി തകര്‍ന്ന് ഇരിക്കുമ്പോഴും അവര്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ‘ഇതെന്റെ കുഞ്ഞാണ്.’ഇതിനിടെ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തടഞ്ഞവെച്ചവര്‍ വഞ്ചിയൂര്‍ പോലീസില്‍ വിവരവുമറിയിച്ചു.
ഒടുവില്‍ അമ്മയും കുഞ്ഞിനെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സുജാത ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. കരിയപ്പയെത്തി, മകള്‍ ജനിച്ച കാലം മുതലേയുള്ള ഫോട്ടോകളും ജനന രേഖയും പോലീസുകാരെ കാണിക്കേണ്ടിവന്നു. ഇതോടെ പോലീസുകാര്‍ക്ക് വിശ്വാസമായി. ഇവരെ വിട്ടയക്കുകയായിരുന്നു.
പേടി തോന്നിയില്ല. പക്ഷേ, സങ്കടമുണ്ടെന്ന് കരിയപ്പ പറഞ്ഞു. ആറു വര്‍ഷമായി കേരളത്തിലാണ്. ഒരു ആണും നാലു പെണ്‍കുട്ടികളുമുണ്ട്. നാലു മാസം പ്രായമുള്ള ഇളയമകള്‍ക്ക് സംഗീതയെന്നാണ് പേര്. ആ കുഞ്ഞിനെയാണ് മനുഷ്യര്‍ സംശയക്കണ്ണോടെ നോക്കിയതെന്നും കരിയപ്പ കൂട്ടിച്ചേര്‍ത്തു