26.9 C
Kottayam
Sunday, May 5, 2024

റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ ,മുഖം മിനുക്കി ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ

Must read

ഗാന്ധിനഗർ:കോടികൾ മുടക്കി പുനർനിർമിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ രാജ്യ ശ്രദ്ധയാകർഷിക്കുന്നു. 254 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. സ്റ്റേഷനുമുകളിൽ ലീല ഗ്രൂപ്പിന്‍റെ മുന്നൂറിലധികം മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും.

ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്‍റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ പദ്ധതി നടപ്പാക്കിയത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ആകെ 790 കോടി രൂപയാണ് ചെലവ്. വിദേശികളടക്കം പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന മഹാത്മാ മന്ദിർ കൺവെൻഷൻ സെന്‍ററിന് തൊട്ടടുത്താണ് സ്റ്റേഷൻ എന്നതാണ് പ്രധാന ആകർഷണം.

ഭോപ്പാലിലെ ഹബീബ് ഗഞ്ച് , ഡൽഹി ആനന്ദ് വിഹാർ, ചണ്ഡിഗഡ് സ്റ്റേഷനുകളും സമാനമായ രീതിയിൽ നവീകരിക്കുന്നുണ്ട്. ഐആർഎസ്‍ഡിസി തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലോക നിലവാരമുള്ള റെയിൽവേ സ്റ്റേഷനുകൾ ഒരുക്കുന്നത് ടൂറിസം രംഗത്തും സഹായകരമാകും എന്നാണ് കണക്കുകൂട്ടൽ. കേരളത്തിൽ കോഴിക്കോട്, കൊല്ലം,തിരുവനന്തപുരം, എറണാകുളം ,പാലക്കാട് സ്റ്റേഷനുകൾ നവീകരിക്കുന്നതിനും പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week