എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല, തെരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍; ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: മേയ് രണ്ടിന് മുമ്പ് തന്നെ താന്‍ തവനൂരിലേക്ക് മടങ്ങിയെത്തുമെന്ന് ദുബായിയിലേക്ക് തിരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ദുബായിയില്‍ എന്നല്ല ലോകത്ത് എവിടേയും ഒരു ബിസിനസും തനിക്ക് ഇല്ലെന്നും ഫിറോസ് കുന്നം പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും തെരഞ്ഞെടുപ്പ് കാലം തൊട്ടുതുടങ്ങിയതാണ് ഈ വ്യാജപ്രചാരണങ്ങളെന്നും ഫിറോസ് പറയുന്നു. ദുബായില്‍ പോയത് സുഹൃത്തുക്കളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തവനൂരുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്നും അതിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലായെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

അതേസമയം, ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബായിയിലേക്ക് പോകുന്നെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് മൂന്നിന് തിരിച്ചെത്താമെന്നും യാത്രയ്ക്ക് മുമ്പ് ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

*ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ* … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്….എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല… തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ …ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് …… ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്… അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല… ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം…..

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല…. പരാജയം ബോധ്യപെടുമ്പോള്‍ പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളുമായി കടന്നു വരും…… അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം…..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News