കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ ഒരു വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറിന്റെ ഡിക്കിക്കുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കോവളം കമുകിന്‍കോട് സ്വദേശി അന്‍സാറിന്റെ മകള്‍ അമാനയാണ് ഡിക്കിക്കുള്ളില്‍ അകപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ട് 4.15നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി കാറിന്റെ ഡിക്കിയില്‍ അകപ്പെട്ടതായി മനസ്സിലാക്കിയത്. കാറിന്റെ താക്കോലും കുട്ടിയുടെ കൈയിലായിരുന്നു. ആശങ്കയിലായ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ ഡിക്കി തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരിന്നു.

ഫയര്‍ഫോഴ്‌സ് എത്തി സ്‌കെയിലും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് ഡിക്കി തുറന്ന് സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി.കെ. രവീന്ദ്രന്‍, സീനീയര്‍ ഫയര്‍ ഓഫിസര്‍ രാജശേഖരന്‍ നായര്‍, അരുണ്‍ എം. നായര്‍, അരുണ്‍കുമാര്‍, ഹരിപ്രസാദ്, രാജേഷ്, അജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News